നമ്മുടെയെല്ലാം സാധാരണ ജീവിതം രസകരമാക്കുന്നത് ഇടയില്‍ വച്ച് നമ്മള്‍ കണ്ടു മുട്ടുന്ന ചില അസാധാരണക്കാരാണെന്ന പക്ഷക്കാരനാണ് ഞാന്‍.ഒരു പക്ഷെ അവരുടെ കൂടെ ചിലവഴിച്ച നിമിഷങ്ങള്‍ ആയിരിക്കും നമ്മള്‍ ഏറ്റവും കൂടുതല്‍ ഓര്‍മിക്കുക.അങ്ങിനെ എനിക്ക് ഒര്‍ക്കാന്‍ ഒരുപാട് സംഭവങ്ങള്‍ തന്ന കഥാപാത്രമാണ് അപ്പുട്ടേട്ടന്‍. ബൈ പ്രൊഫെഷണ്‍ അദ്ദേഹം ഒരു കോക്കനട്ട് ക്ലൈമ്പര്‍(അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍) ആയിരുന്നുവെങ്കിലും. ഞങ്ങള്‍ക്കെല്ലാം അദ്ദേഹം ഒരു സംഭവം തന്നെ ആയിരുന്നു.വെള്ളമടിച്ചു നാട്ടുകാരുടെ മെക്കിട്ടു കേറുന്ന പരമ്പരാഗത കുടിയന്മാര്‍ക്കെന്നും ഒരു അപവാദമായിരുന്നു അപ്പുട്ടേട്ടന്‍.കുടിച്ചാലും ഇല്ലെങ്ങിലും വളരെ അത്യാവശ്യത്തിനു മാത്രമെ പുള്ളി വാ തുറന്നിരുന്നുളൂ..
എങ്കിലും.കമ്പ്യൂട്ടര്‍ ഗെയിംസിലെ ബിഗിനര്‍ ഇന്റര്‍മീഡിയേറ്റ് എക്സ്പെര്‍ട്ട് എന്നീ ലെവെലുകല്‍ പൊലെ അപ്പുട്ടേട്ടനും ഉണ്ടായിരുന്നു ചില സ്മോള്‍ ലെവെലുകള്‍. സാധാരണ ക്വോട്ട മാത്രമാണ് അടിക്കുന്നതെങ്ങില്‍ നേരെ വീട്ടില്‍ പോയി സ്ക്കൂട്ട് ആവുന്ന അപ്പുട്ടേട്ടന്‍ ഇന്റര്‍മീഡിയറ്റ് ലെവെലില്‍ ആണെങ്ങില്‍ പിന്നെ സംസാര ഭാഷ ഇംഗ്ലീഷ് ആയിരിക്കും. എക്സ്പെര്‍ട്ട് ലെവെലില്‍ എത്തിയാല്‍ പിന്നെ പഴയ മലയാളം പാട്ടുകളായിരിക്കും ചുണ്ടില്‍.....
ഫുട്ബാള്‍ കളിയായിരുന്നു അപ്പുട്ടേട്ടന്റെ ഏറ്റവും വലിയ വീക്ക്നസ്സ്.. അങ്ങനെ ആപ്പ യൂപ്പ ടീമുകളുടെ കളിയൊന്നും കാണാന്‍ അപ്പുട്ടേട്ടനെ കിട്ടില്ല. ബ്രസീലിന്റെ കളിയുണ്ടെങ്ങില്‍ മാത്രമെ അപ്പുട്ടേട്ടന്‍ കളി കാണുമായിരുന്നുള്ളൂ. അതിപ്പൊ വേള്‍ഡ് കപ്പ് ഫൈനല്‍ ആയാലും ശരി,കോപ്പ അമേരിക്ക ആയാലും ശരി..
ചുള്ളന്റെ കാഴ്ചപ്പാടില്‍ എല്ലാം തികഞ്ഞ ഒരെ ഒരു ഫുട്ബോളറെ ഉള്ളൂ. അതു മറ്റാരുമല്ല 'അരാന്റ നാസിന്റൊ പെലെ'. മറഡോണ തരക്കേടില്ലാതെ കളിച്ചിരുന്ന ഒരു 'ചെക്കന്‍' മാത്രമായിരുന്നുവെങ്കില്‍ ഗുള്ളിറ്റിന്റെ മുടി മാത്രം കൊള്ളാം എന്നായിരുന്നു പുള്ളിയുടെ അഭിപ്രായം. ബ്ബ്രസീലിന്റെ കളിയുള്ള ദിവസങ്ങളില്‍ പുള്ളി തന്റെ കൊച്ചു ഡയറിയുടെ പല പേജുകളിലായി 1-0,2-0,2-1,3-2,4-2 എന്നിങ്ങനെ കുറിച്ചിടുകയും ഇനി ഇതിലേതെങ്ങിലും സ്കോറിനു ബ്രസീല്‍ ജയിച്ചാല്‍ ആ പേജു മാത്രം കൂട്ടുകാരെ കാണിച്ചു 'കണ്ട്രാ നമ്മളു പറഞ്ഞാ പറഞ്ഞതാ' എന്നും പറഞ്ഞു ആത്മ സംതൃം പ്തി അടയുകയും ചെയ്യുക പതിവായിരുന്നു...
യൂറൊ കപ്പിന്റെ ആവേശം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഒരു സീസണ്‍.
വീട്ടില്‍ അന്നു ഞാന്‍ ഒറ്റക്കായിരുന്നു. കളി പാതി രാത്രിക്കു ശേഷം ആയതു കൊണ്ട് ' പിന്നെ ഈ കോപ്പ് കാണാണ്ടല്ലെയ് കഴപ്പ് 'എന്നും പറഞ്ഞ് കൂട്ടുകാരെല്ലാം 10 മണിക്കു മുന്‍പു തന്നെ സ്കൂട്ട് ആയി. കട്ടന്‍ ഉണ്ടാക്കി തരാം എന്ന എന്റെ ഓഫെറിനെ ' ചായെയ് അതും ഈ നേരത്ത് ' എന്ന തലയണമന്ത്രത്തിലെ ഡയലോഗ് കൊണ്ട് പുഛിച്ച് തള്ളി കൊണ്ടയിരുന്നു എല്ലാവരും സ്റ്റാന്‍ഡ് വിട്ടത്.രാത്രി 12 മണിയൊടെ കളി തുടങ്ങി. ലൂയിസ് ഫിഗൊ യുടെ ഒരു തകര്‍പ്പന്‍ ഷോട്ട് ക്രോസ്സ് ബാറില്‍ അടിച്ചു മടങ്ങിയതിന്റെ പിന്നാലെ ഹാളിന്റെ മുന്നിലെ ജനാലയൊന്നു കുലുങ്ങി.
ഫിഗൊ യുടെ ഷോട്ടിനു ഇത്ര പവറോ എന്നു കരുതി ഞാന്‍ ജനാലയിലേക്കൊന്നു പാളി നോക്കി.
പുറത്തെ ട്യൂബ് ലൈറ്റിന്റെ വേളിച്ചത്തില്‍ ഇരുട്ടില്‍ ഒരു കറുത്ത രൂപം. മുഖം ശരിക്കും കാണാന്‍ വയ്യ. പേടി വരുമ്പോള്‍ കണ്ണ്‍ രണ്ടും തുറിക്കുക എന്നുള്ളതു പണ്ടേ എന്റെ ഒരു വീക്ക്നെസ് ആണു.തുറിച്ച കണ്ണുകളോടെ ഞാന്‍ വീണ്ടും സൂക്ഷിച്ചു നോക്കി.ആ കറുത്ത രൂപം എന്നെ കയ്യാട്ടി വിളിക്കുന്നു.
പാതി രാത്രിക്കു നമ്മളെ അന്വേഷിച്ചു ഇതേതു കാലനാണാവൊ എന്ന ചിന്തയൊടെ ഞാന്‍ വീണ്ടും സൂക്ഷിച്ചു നോക്കി. ഇനി ഞാന്‍ തനിച്ചെ ഉള്ളൂ എന്ന കാര്യം അറിഞ്ഞു വല്ല കള്ളന്മാരും?????
മേലു മുഴുവന്‍ എണ്ണ തേച്ചു മോഷ്ടിക്കാന്‍ വരുന്ന കള്ളന്മാരെ സിനിമയില്‍ ഞാന്‍ ഒരു പാടു കണ്ടിട്ടുള്ളതാണല്ലൊ.പേടി കിട്ടിയല്‍ ഞാന്‍ വളരെ അനുസരണാ ശീലം ഉള്ളവനാണെന്ന പൊതു വിജ്ഞാനം അറിവുള്ള വല്ല കള്ളന്മാരും ആയിരിക്കുമോ?? തുടങ്ങിയ ചിന്തകള്‍ എന്റെ മനസ്സിലൂടെ ഒരു സുനാമി പോലെ കടന്നു പോയി.ഇരുന്നിരുന്ന കസേരയില്‍ മുറുകെ പിടിച്ചു അനങ്ങാന്‍ വയ്യാതെ ഞാന്‍ ഇരിക്കുമ്പോള്‍ പുറത്ത് നിന്നിരുന്ന രൂപം ബാലന്‍സ് തെറ്റി പുറകിലോട്ടൊന്നാടി. അപ്പോള്‍ ആളുടെ മുഖത്തേക്കു വീണ വെളിച്ചത്തില്‍ എനിക്ക് ആളെ പിടികിട്ടി.
വേറാരുമല്ല നമ്മുടെ അപ്പുട്ടേട്ടന്‍.' !
പേടിപ്പിച്ചു കളഞ്ഞല്ലോ അപ്പുട്ടേട്ടാ ' എന്നും പറഞ്ഞു ഞാന്‍ ചെന്നു വാതില്‍ തുറന്നു.
വാതില്‍ തുറന്നപ്പോള്‍ തന്നെ ഒരു കാര്യം എനിക്കു മനസ്സിലായി ആള്‍ ഇന്നു എക്സ്പ്പെര്‍ട്ട് ലെവെലിലെ ഹൈ സ്കോറും താണ്ടിയാണു വരവ്.
ബ്രസീല്‍ എത്ര ഗോള്‍ അടിച്ചു എന്നും ചോദിച്ചു കൊണ്ടു പുള്ളി ടിവി യുടെ മുന്നില്‍ സൈഡ് ആയി.
യൂറൊ കപ്പില്‍ എവിടെന്നാ അപ്പുട്ടേട്ടാ ബ്രസീല്‍ ?
എന്ന എന്റെ ചോദ്യത്തിനെ, അപ്പൊ പിന്നെ മഞ്ഞ ടീം എതാ? എന്ന മറു ചോദ്യം കൊണ്ടു നേരിട്ടു..
ഇന്നത്തെ സേവയും കഴിഞ്ഞു വരുന്ന വഴി എവിടെയൊ ടിവി യില്‍ ഒരു മഞ്ഞ ടീം കളിക്കുന്നതും കണ്ടിട്ട് ബ്രസീല്‍ ആവും എന്നു തെറ്റി ധരിച്ചാണു പുള്ളി ആടി പിടഞ്ഞെത്തിയത്.
അത് ബ്രസീല്‍ അല്ല അപ്പുട്ടേട്ടാ സ്വീഡനാ എന്ന എന്റെ മറുപടിയില്‍ വിശ്വാസം വരാതെ അദ്ദേഹം ടിവി സ്ക്രീനില്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കി.സ്വീഡനിലെ മൊട്ടത്തലക്കാരന്‍ ഹെന്റ്രിക് ലാര്‍സെനെ കണ്ടപ്പൊള്‍,
"എയ് ദെയ് റൊണാല്‍ഡൊ കളിക്കുന്നുണ്ടല്ലോ"??
എന്ന പുള്ളിയുടെ ആത്മഗതത്തിനു ഞാന്‍ മറുപടിയൊന്നും പറയാഞ്ഞപ്പോള്‍, മുഖം തിരിച്ച് എന്നെ സൂക്ഷിച്ച് നോക്കി.
" ഞാനിത്തിരി കഴിച്ചിട്ടുണ്ടെന്നു കരുതി ഇവന്‍ എന്നെ പറ്റിക്കുകയാണൊ എന്ന ചോദ്യം ആ നോട്ടത്തിലുണ്ടായിരുന്നു".
റൊണാള്‍ഡൊ അല്ല അപ്പുട്ടേട്ടാ ലാര്‍സനാ എന്ന മറുപടി പുള്ളിയെ തൃപ്തി പെടുത്തിയില്ലെങ്കിലും, നാക്ക് ഒരു വാദ പ്രതിവാദത്തിനുള്ള കണ്ടീഷനില്‍ അല്ലാതിരുന്നതിനാല്‍ പുള്ളി വീണ്ടും ടിവി യിലേക്ക് ശ്രദ്ധ മാറ്റി.
ഒരു 5 മിനിറ്റ് കഴിഞ്ഞു കാണും ,പുള്ളി വീണ്ടും തല തിരിച്ചു
" ചോപ്പ ഏതാ ടീം ഇങ്ങ്ലണ്ടാ?"ഇങ്ങ്ലണ്ടല്ല അപ്പുട്ടേട്ടാ പോര്‍ച്ചുഗല്‍...കമ്പ്ലീറ്റ് മനസ്സിലയി എന്ന ഭാവത്തില്‍ തലയാട്ടി കൊണ്ട് അദ്ദേഹം വീണ്ടും നോട്ടം ടിവി യിലെക്ക് മാറ്റി.ഒരു 5 മിനുട്ട് കഴിഞ്ഞു കാണും വീണ്ടും തിരിയുന്ന തല...
ചോദ്യം: "ഇപ്പ എതു ടീമാ ഗോള്‍ അടിച്ചെ? അര്‍ജെന്റീനെയാ?
അല്ല അപ്പുട്ടേട്ടാ സ്വീഡന്‍...
വീണ്ടും ഒരു 5.5 മിനുട്ട് കഴിഞ്ഞു കാണും വീണ്ടും തിരിയുന്ന തല...
ചോദ്യം: "അപ്പൊ ചോപ്പ സ്വീഡന്‍ മഞ്ഞ ടീം ഏതാ?കണ്ട്രോള്‍ യുവേഴ്സ്സെല്‍ഫ് എന്നു മനസ്സില്‍ എന്നൊടു തന്നെ പറഞ്ഞു കൊണ്ട്
ഞാന്‍: ചോപ്പ അല്ല അപ്പുട്ടേട്ട സ്വീഡന്‍ മഞ്ഞയാ...
അപ്പൊ ചോപ്പ എതാ ടീം?പൊര്‍ച്ചുഗല്‍.
എന്ത്?
പൊര്‍ച്ചുഗല്‍...പൊര്‍ച്ചുഗല്‍.
കമ്പ്ലീറ്റ് മനസ്സിലായി എന്ന ഭാവത്തില്‍ തലയാട്ടി കൊണ്ട് വീണ്ടും നോട്ടം ടിവി യിലെക്ക്‌ഒരു 4.5 മിനുട്ട് കഴിഞ്ഞു കാണും വീണ്ടും തിരിയുന്ന തല...
ജെര്‍മനിയുടെ സപ്പ്ലൈ കുഴപ്പമില്ലാലെ?
ഓഹൊ ചോദ്യം പോരാഞ്ഞ് കളി വിശകലനവും തുടങ്ങിയൊ..?
മറുപടി ഞാന്‍ ഒരു മൂളലില്‍ ഒതുക്കി.വീണ്ടും കുറച്ചു സമയം കൂടി കടന്നു പോയി.വീണ്ടും തിരിയുന്ന തല...
ചോദ്യം: മഞ്ഞ ടീമിന്റെ പേരെന്താന്നാ പറഞ്ഞേ?..
ഏന്റെ ക്ഷമ നെല്ലിപലകയും കഴിഞ്ഞു വീണ്ടും തഴോട്ടു പോയെങ്കിലും മുന്നില്‍ ഇരിക്കുന്ന ആള്‍ എണ്ണം പറഞ്ഞ ഒരു സേവകന്‍(മദ്യ) ആയതു കൊണ്ടു മാത്രം ഞാന്‍ പൊട്ടേ എന്നു വച്ചു.
കാരണം മറ്റൊന്നുമല്ല. സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം ഞാനും എന്റെ അന്നത്തെ ഏറ്റവും അടുത്ത കൂട്ടുകാരനുമായ റോബര്‍ട്ടും കൂടി ഒരു കുടിയനെ കളിയാക്കിയപ്പോള്‍ നല്ല അസ്സല്‍ പച്ച തെറി വിളിച്ചു കൊണ്ട് അങ്ങേര്‍ ഞങ്ങളെ തല്ലാനോടിപ്പിക്കുകയും ഞങ്ങള്‍ രണ്ടു പേരും ഓടി ക്ലാസ്സില്‍ കയറിയതു കൊണ്ടു മാത്രം കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. പക്ഷെ പ്രശ്നം അവിടം കൊണ്ടു തീര്‍ന്നില്ല. ഉച്ചക്കു ഊണു കഴിക്കാന്‍ പോയി വരുന്ന ഏതൊ ടീച്ചര്‍ ഇതു കാണുകയും ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കുകയും ചെയ്തു.ടീച്ചര്‍ ക്ലാസ്സില്‍ വന്നു നടത്തിയ കുറ്റന്വേഷനത്തില്‍ ചില യൂദാസന്മാര്‍ 10 പൈസ പോലും വാങ്ങാതെ എന്നെ ഒറ്റുകയും. എന്റെ കൂടെ ഒരാള്‍ കൂടി ഉണ്ടായിരുന്നു എന്ന കോണ്‍ഫിഡെന്‍ഷല്‍ ഇന്‍ഫൊര്‍മേഷന്‍ പാസ് ചെയ്യുകയും ചെയ്തു.(രോബര്‍ട്ട് 5-ക്ലാസ്സില്‍ തേര്‍ഡ് ഇയര്‍ ആയത് കൊണ്ടും വെള്ളിക്കാശിനെക്കാളും എത്രയൊ വിലപ്പെട്ടതാണ് സ്വന്തം തടി എന്ന ജെനെറല്‍ നോളഡ്ജ് മനസ്സില്‍ ഉണ്ടായിരുന്നത് കൊണ്ടുമാണ് അവര്‍ എന്നെ മാത്രം കുരുതി കൊടുത്തത്) എന്റെ വീതമായ 2 അടി എനിക്കു തന്ന ശേഷം
"ആരടാ നിന്റെ കൂടെ ഉണ്ടായിരുന്നെയ്"?" ഇപ്പ പറഞ്ഞൊ അല്ലെങ്ങില്‍ അവനുള്ളതു കൂടി നിനക്കു കിട്ടും
എന്ന ഭീഷണി ഇറക്കുകയും ചെയ്തു".
ഞാന്‍ അതി ദയനീയമായി റോബര്‍ട്ടിനെ നോക്കി.കണ്ണ്‍ രണ്ടും ഇറുക്കി അദച്ചു കൊണ്ടുള്ള അവന്റെ തലവെട്ടിക്കലില്‍ നിന്നും സത്യം പറഞ്ഞാലുണ്ടാകുന്ന ഭവിഷത്തുകളെ കുറിച്ചു ഏകദേശ രൂപം എനിക്കു കിട്ടി.
ഇതിനിടയില്‍ നുണ ആലോചിക്കുന്നതിനുള്ള സമയം കിട്ടാതിരിക്കാന്‍ ടീച്ചര്‍ ഒരു അടി കൂടി പാസാക്കി. പോരാത്തതിന്
" വേഗം പറഞ്ഞൊ അല്ലെങ്ങില്‍ ഇപ്പൊ നിന്നെ ഹെഡ് മാഷുടെ അടുത്തേക്കു വിടും"
എന്ന ഭീഷണിയും.ചെകുത്താനും കടലിനും സെണ്ട്രലില്‍ അങ്ങനെ നില്‍ക്കുമ്പോള്‍...
ടീച്ചര്‍ ഒരു പെട കൂടി പാസാക്കി.അതോടെ എന്റെ സകല ധൈര്യവും ചോര്‍ന്നു.
ആ ചേട്ടന്റെ പേരെനിക്കറിയില്ല ടീച്ചറെ...എന്നു പറഞ്ഞുള്ള എന്റെ കരച്ചില്‍ ക്ലാസ്സില്‍ പൊട്ടിച്ചിരിക്കു തീ കൊളുത്തിയെങ്കിലും ..ദയ തോന്നി ടീച്ചര്‍ എന്നെ വെറുതെ വിട്ടു. ആ സംഭവത്തിനു ശേഷമാണ് കുടിയന്മാര്‍ ഒരു വെല്യ സംഭവമാണ് എന്നു ഞാന്‍ തിരിച്ചറിഞ്ഞത്.
അങ്ങിനെയുള്ള ഞാന്‍ ഒരു സംശയം ചോദിച്ചതിനു അപ്പുട്ടേട്ടനോടു കേറി ഉടക്കുമോ..ഇമ്പോസ്സിബിള്‍...
അങ്ങിനെ കളി മുറുകി വരുമ്പോള്‍ കുറച്ചു നേരമായി ആളുടെ അനക്കം ഒന്നും കേള്‍ക്കാനില്ല.
ഞാന്‍ നോക്കുമ്പോഴുണ്ട് പുള്ളി ഒരു സൈഡ് ആയി കൂര്‍ക്കം വലിക്കുന്നു...കുരിശ് അവിടെ കിടക്കെട്ടെ എന്നു വിചാരിച്ചു ഞാന്‍ ശ്രദ്ധ കളിയിലേക്കു മാറ്റി.അങ്ങിനെ ഇരിക്കുമ്പോള്‍ ആണ്, അതു വരെ ചിന്തിക്കാതിരുന്ന ഒരു പ്രശ്ശ്നം എന്റെ തലയിലേക്കു കടന്നു വന്നത്.
"പുള്ളി ഇവിടെ ഇരുന്നെങ്ങാന്‍ ഒരു വാളു വച്ചാല്‍.."
അതോടു കൂടി കളി കാണുവാനുള്ള സകല ഇന്ററെസ്റ്റും പോയി..ചുള്ളനെ എങ്കിനെ എണീപ്പിച്ചു പറഞ്ഞു വിടും എന്ന ആലോചനയില്‍ കുറച്ചു സമയം കൂടി കടന്നു പോയി..
ആളുടെ വീട്ടില്‍ പോയി വിവരം പറഞ്ഞാലോ?..
പക്ഷെ പുള്ളിയെ തനിച്ച് ഇവിടെ ഇരുത്തി എങ്കിനെ പോകും?..
കൂട്ടുകാരെ ആരെയെങ്കിലും വിളിക്കാം എന്നു വച്ചാല്‍ അവന്മാരുടെ വായില്‍ ഇരിക്കുന്നതു കേള്‍ക്കുക മാത്രമല്ല..നാളെ മുതല്‍ നമുക്കിട്ട് താങ്ങുവാന്‍ അവന്മാര്‍ക്ക് ഒരു ഐറ്റം കൂടി ആകും...ആലോചിക്കും തോറും ടെന്‍ഷന്‍ കൂടി കൂടി വന്നു...
ഏതു നേരത്താണാവൊ കളി കാണാന്‍ തോന്നിയതെന്നാലോചിച്ച് വെറുതെ ഞാന്‍ എന്റെ തലയില്‍ തല്ലി...ആ തല്ല് പണ്ട് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണ അതെ സ്പോട്ടില്‍ തന്നെ കൊണ്ടെന്നു തോന്നുന്നു..പെട്ടെന്നൊരു ഐഡിയ എന്റെ മനസ്സില്‍ പൊട്ടി വീണു.
ഗോള്‍ എന്നുറക്കെ വിളിച്ചലറുക..ആ അലര്‍ച്ചയില്‍ പുള്ളി എണീക്കുമ്പോള്‍..
"അപ്പുട്ടേട്ടാ..ഉറക്കം വരുന്നു ബാക്കി നാളെ പേപ്പറില്‍ അറിയാം"
എന്നും പറഞ്ഞു പതുക്കെ ആളെ ഒരു ഡബിള്‍ ബെല്ലടിച്ചു സ്റ്റാന്‍ഡ് വിടീപ്പിക്കുക..
ആഹാ വാട്ട് ഏന്‍ ഐഡിയ..
എനിക്കാദ്യമായ് എന്റെ കൂര്‍മ്മ ബുദ്ധിയെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നി..
പിന്നെ ഒരു ചാന്‍സിനു വേണ്ടിയുള്ള കാത്തിരിപ്പായി..
അപ്പോള്‍ അതാ ലൂയിസ് ഫിഗൊയുടെ ഒരു എണ്ണം പറഞ്ഞ ഷോട്ട് സ്വീഡന്റെ പെനാല്‍റ്റി ബോക്സിലേക്ക് പറന്നിറങ്ങുന്നു..
പിന്നെ ഒന്നും ആലോചിച്ചില്ല.ഞാന്‍ ഒരു മീഡിയം സൗണ്ടില്‍(നാട്ടുകാര്‍ ഓടി കൂടരുതല്ലോ?)
"അപ്പുട്ടേട്ടാ ഗോള്‍..ഗോള്‍..
എന്ന് പറഞ്ഞ് ഒച്ച..വച്ചു.എവിടെ..ആരു കേള്‍ക്കാന്‍...
പിന്നെ ഞാന്‍ രണ്ടും കല്‍പ്പിച്ച്..മോന്ത അദ്ദേഹത്തിന്റെ ചെവിക്ക് പരമാവധി അടുപ്പിച്ച് വച്ച് കൊണ്ട്..ഒരലക്കു കൂടി അലക്കി..
ഇത്തവണ സംഗതി ഏറ്റു..ചെറിയ ഒരു ഞെട്ടലോടെ..ആള്‍ കണ്ണ്‍ തുറന്നു.
ഉറക്കച്ചടവിന്റെ കൂടെ ദേഷ്യമാണോ അതോ ഇറിറ്റേഷനാണൊ എന്നു വ്യക്തമാകാത്ത ഒരു ഭാവത്തില്‍ എന്നെ ഒന്നു സൂക്ഷിച്ചു നോക്കി..
പിന്നെ പതുക്കെ തല ടീവിയിലേക്കു തിരിച്ചു..2 സെക്കന്റ് കഴിഞ്ഞു കാണും ആള്‍ തല പതുക്കെ,ഉറക്കം വരുന്നതായി അഭിനയിക്കാന്‍ വേണ്ടി കോട്ടുവാ പ്രാക്ടീസു ചെയ്തു കൊണ്ടിരുന്ന എന്റെ നെരെ തിരിച്ചു..കൊണ്ട്....
"അര്‍ജെന്റീന ഏതാ ടീം ചോപ്പ്പയല്ലെയ്?"
Wednesday, February 13, 2008
Subscribe to:
Comments (Atom)
